Pages

Wednesday, November 30, 2011

യമ യാമി


മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്‍ത്തമാനം നിനക്കു മുന്നില്‍ തുണിയഴിച്ചാടുമ്പോള്‍
നിനക്കെന്തിനു മാനഭയം.....
നിന്‍റെ കണ്ണുകളിലുള്ള ജാള്യത കാട്ടുന്നു
ഹിജടയാം നിന്‍റെ കുടിലത....
കറുത്ത തുണിയാല്‍ ഹൃദയം മറച്ച നപുംസകമേ
മരിച്ചു വീഴുക നീയിന്നു സത്യമാം വാളിന്‍റെ മൂര്‍ച്ചയില്‍ ...........
ചെങ്കോലണിഞ്ഞ രാജാവിന്‍ നിശബ്ദമാം സദസ്സിലിന്നു-
നീതിയുടെ തലയറുക്കും ബലിചടങ്ങ്.... 
ഹേ കാലമാം കൂടാരമേ...! 
നിന്‍റെ കുടിലിലിന്നു സമയം കുറഞ്ഞുവോ.... 
നിനക്കിന്നു പോകാന്‍ ധൃതിപ്പെടലോ...! 
അരുത്; നില്‍ക്ക നിന്‍ സമയം ബലിപ്പെടാ-
നെന്‍റെ മജ്ജയും മാംസവും നിനക്കിന്നു ദക്ഷിണ..... 
മടിക്കുത്തഴിഞ്ഞ പെണ്‍കിടാവിന്‍റെ രോദനം നിനക്കിന്നു ദക്ഷിണ..... 
എല്ലുന്തിയ ചാവാലിയെന്നു നീ വിളിച്ചയെന്‍റെ കൂടപ്പിറപ്പ് നിനക്കിന്നു ദക്ഷിണ....
നിന്‍റെ സുരതം സഹിയ്ക്കുമാ സൂരതയ്ക്കിന്നു-
മരണത്തിന്‍ മുഖപടം നല്‍കിയ നിന്‍റെ കൈകള്‍ക്കിനി കറുപ്പിന്‍റെ കഠോരത...
ആര്‍ത്തു വിളിയ്ക്കും പേക്കോലങ്ങള്‍ക്കായകലെയാ വൈതരണിയില്‍ വിരാമം....
ഇനിയിവിടെയൊരു നാമജപത്തിനും സമയമില്ല....!
ഇനിയിവിടെയൊരു കുരിശുവരയ്ക്കുലിനും സന്തി മാത്രം....!
ഇനിയിവിടെയൊരു ആത്മസമര്‍പ്പണത്തിനൊരുങ്ങും മനസ്സിനും ഞാനെന്ന ഭാവം...!

Monday, July 11, 2011

ഓര്‍മ്മകളില്ലാതെ.....

ഞാന്‍ ഹൃദയമില്ലാത്തവനെന്നാരോ
ഇരുട്ടിന്റെ മറവില്‍ പറയുന്നതു കേട്ടു
എന്റെ
 ഹൃദയം ശൂന്യമാണെന്ന് അവര്‍ കരുതുന്നുവോ.....
ശുദ്ധ നുണയന്മാര്‍ ....!
ഹൃദയമില്ലാത്ത പിശാചുക്കള്‍ .....

വേനല്‍മഴ പെയ്തിറങ്ങി
മണ്ണിന്റെ വരള്‍ച്ച മാറ്റുന്നത്
ആര്‍ക്കു വേണ്ടിയായിരുന്നു.....
പെണ്ണിന്റെ മനസ്സിനെ ഒരിക്കലും ആ വേനല്‍മഴയ്ക്
നനയ്ക്കുവാന്‍ പറ്റില്ലെന്നറിഞ്ഞതാരാണ്‍..........

“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
വേദനയുടെ വാക്കാണു പ്രണയം“
അതാരാണു പറഞ്ഞതെന്നോര്‍മ്മയില്ലിന്നെനിക്ക്
അതു പറഞ്ഞവനിന്നു മരിച്ചുവോ.....
മരണം അവനെ രക്ഷിച്ചുവോ.....

കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
പക്ഷേ.... സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ.....

ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതും
ഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....

എന്റെ കണ്ണുകള്‍ കാണുന്നതു നിന്നെയാണ്
എന്റെ കാതുകള്‍ കേള്‍ക്കുന്നതും നിന്നെയാണ്
എന്നില്‍ നിറയുന്നതു നിന്റെ സുഗന്ധമാണ്
ഞാന്‍ അറിയുന്നത് നിന്റെ സാമീപ്യമാണ്
ഞാന്‍ അനുഭവിക്കുന്നത് നിന്റെ സ്പര്‍ശനമാണ്.....

എനിക്കു നീ ആരൊക്കെയോ ആണ്........
ഇന്നു നിരാശയായ് നീ പിരിഞ്ഞു മായുന്നു
മണ്ണിലെ ഹരിതവര്‍ണ്ണങ്ങള്‍ മായുമ്പോള്‍
വിണ്ണിലെ ചന്ദ്രികയുടെ താരകസേന നശിക്കുമ്പോള്‍
ചിലപ്പോള്‍ ഞാന്‍ നിന്നെയും മറന്നിരിക്കാം.....

ഇടകലരുന്നതു മനസ്സുകളുടെ സുകൃതം
വിടപറയുന്നതു കാലത്തിന്റെ കുസൃതി
എങ്കിലും ഇപ്പോഴും കാലചക്രം നീങ്ങുന്നു
ഒരിക്കലും അവസാനിക്കാത്ത നീണ്ട ചക്രവാളത്തില്‍
ഒരു നിഴലായി മാറുവാന്‍ അര്‍ക്കന്‍ വിതുമ്പുന്നു

കാലിടറിയ വീഥികളില്‍ എനിക്കിനി മരണം
വരണ്ടുണങ്ങിയ മനസ്സുകളിലും ഞാന്‍ മരിച്ചു
ചോരയില്ലാത്തെന്റെയീ ശരീരം വിറങ്ങലിച്ചു
പാടാനറിയാത്ത ഞാനിനി മരണത്തിന്റെ കൂട്ടുകാരന്‍
കാലമേ, നിനക്കു വിട..... ഓര്‍മ്മകളെ, എന്നെ മറക്കുക.....



(പഴയൊരു സൃഷ്ടി)

Wednesday, July 6, 2011

ഈ ദുരന്തം ഒഴിവാകുമോ..??

An unavoidable calamity.... but... അതെ.. അതൊഴിവാകുമോ...? സ്വപ്നത്തില്‍ മിന്നി മറഞ്ഞ കാഴ്ചയല്ലിത്.... ഇന്നു മുതല്‍ ഏഴു ദിവസം.... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനി വരുന്ന ഏഴ് നാളുകള്‍ അതീവ ജാഗ്രത വേണ്ട ദിവസങ്ങള്‍ .... വിലയെക്കാള്‍ അതീതമായി ഒരു രാജവംശത്തിന്‍റെ അര്‍പ്പണത്തിന്‍റെയും, ഒരു നാടിന്‍റെ പൈതൃകത്തിന്‍റെയും കാവല്‍ വരുന്ന ഏഴ് നാളുകളില്‍ നാം ഓരോരുത്തരിലും ഉണ്ടാവണം.... വരാന്‍ പോകുന്ന ദുരന്തം ഒഴിഞ്ഞു മാറട്ടെ... മാറും.. അങ്ങനെ ആഗ്രഹിയ്ക്കാം നമുക്ക്....!

Thursday, June 16, 2011

കൊല്ലാനാളുണ്ടോ...? കൂടെ ഞാനുണ്ട്.....!!



ആത്മരോഷമല്ലിത്..... വിചാരമില്ലാത്ത വികാരവുമല്ല. സാധാരണക്കാരനായ, ഒരു ശരാശരി മലയാളിയായ തനി നാട്ടിന്‍പുറത്തുകാരനായ ഒരുത്തന്‍റെ വിലാപമാണ്, അപേക്ഷയാണ്. സഹിയ്ക്കാന്‍ പറ്റുന്നില്ല, കോടതി മുറിയില്‍ ചങ്കുപൊട്ടിക്കരഞ്ഞ ആ അമ്മയുടെ നിലവിളി; അതു പോലെയുള്ള നൂറുകണക്കിന് അമ്മമാരുടെ മനസ്സു പൊട്ടിയുള്ള കരച്ചില്‍ .


മുലപ്പാലു കൊടുത്ത മാറില്‍ തന്നെ സ്വന്തം മകളുടെ ജീവനറ്റ ശരീരം താങ്ങിപ്പിടിയ്ക്കേണ്ട അമ്മമാരുടെ ശാപം കൊണ്ട് കറുത്തു പോയിരിയ്ക്കുന്നു ഈ മണ്ണ്. വെറി പൂണ്ട പിശാചുക്കളുടെ കൈകളില്‍ക്കിടന്ന് ഞെരിഞ്ഞമര്‍ന്ന പിഞ്ചു ശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു ദൈവത്തിന്‍റെ സ്വന്തം നാട്. കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടു വീണ ആ അമ്മയെക്കണ്ട് സഹിയ്ക്കാന്‍ കഴിയുന്നില്ല. സ്വന്തം മകളുടെ ചോരക്കറ പുരണ്ട, സ്വന്തം ശരീരം പകുത്തു നല്‍കിയ മകളുടെ ഹൃദയരക്തം പുരണ്ട വസ്ത്രം കണ്ടാല്‍ ഏതമ്മയ്ക്കാണു സഹിയ്ക്കാന്‍ കഴിയുക. വലിച്ചു കീറി കൊന്നെറിഞ്ഞ ആ സാധു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖം ഓര്‍മ്മയില്‍ നിന്നു മായുന്നില്ല. 



വക്കീലന്മാരുടെ വാക്സാമര്‍ത്ഥ്യത്തില്‍ നീതിപീഠത്തിന്‍റെ കണ്ണുകെട്ടി പുറത്തിറങ്ങി സ്വൈര്യവിഹാരം നടത്താന്‍ കാത്തിരിയ്ക്കുന്ന, ആ അമ്മയുടെ കണ്ണുനീരിനു കാരണമായ ഒരു ഹ്രിംസ മൃഗത്തെയും വെറുതെ വിടരുത്. കൊല്ലണം. കൊന്നെറിയണം. ഒരു നീതിപീഠത്തിന്റ്റെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ വിട്ടു കൊടുക്കരുത് അങ്ങനെയുള്ളവനെയും, അവന്മാരെയൊക്കെ ഇതിനു പ്രേരിപ്പിയ്ക്കുന്നവരെയും. അതു തീവ്രവാദമോ, നക്സലിസമോ അല്ല. ഒരു പെണ്ണിന്‍റെ മാനത്തിനു വേണ്ടിയുളള കാവലാണ്. ആണായിപ്പിറന്നവന്‍റെ ചങ്കൂറ്റമാണ്, അവന്‍റെ കടമയാണ്. 



കൊടികെട്ടി നില്‍ക്കുന്ന, കറുത്ത കോട്ടിട്ട, നിയമത്തിന്‍റെ ദുര്‍ബലതയെ ചോദ്യം ചെയ്ത് കീശ വീര്‍പ്പിയ്ക്കുന്ന മനസ്സാക്ഷിയില്ലാത്തവന്മാര്‍ വാദിയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നത് നീതിയാണ്. ന്യായത്തിന്‍റെ വാദമുഖങ്ങള്‍ മാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന മറ്റൊരു അഭിഭാഷക വിഭാഗത്തിന്‍റെ നട്ടെല്ലാണ്. കറുത്ത കോട്ടിനര്‍ത്ഥം പിശാചിന്‍റെ പരിചാരകന്‍ എന്നല്ല, നീതിയ്ക്കു വേണ്ടി പൊരുതേണ്ട പടയാളിയെന്നാണ്. കണ്ണുമൂടിക്കെട്ടിയ നീതി ദേവതയ്ക്ക് സത്യമല്ല, വാദം മാത്രമാണ് വേണ്ടത് എന്നു തിരുത്തിയെഴുതപ്പെട്ടിരിയ്ക്കുകയാണ് ഇന്ന്... തെളിവുകള്‍ കാട്ടി സത്യത്തെ മറയ്ക്കുവാന്‍ കഴിയുന്ന ഈ ലോകത്ത് സത്യത്തിനു വേണ്ടി പോരാടണം. അവിടെയാണ് പട വെട്ടേണ്ടത്. 



പ്രകോപനമല്ലിത്, ഒരോ പെണ്‍ ജന്മത്തിനും വേണ്ടിയുള്ള അപേക്ഷയാണ്. പെണ്ണിനെ വെറും ഉപകരണമാക്കിയ മൃഗങ്ങള്‍ക്ക് ശിക്ഷ കിട്ടണം. അതിനു കഴിവില്ലാത്ത നിയമമാണെങ്കില്‍ അതിനു കഴിവും ചങ്കുറപ്പുമുള്ള ആയിരങ്ങളുണ്ട് ഇവിടെ. ആവശ്യമില്ലാതെ സര്‍ക്കാര്‍ ബസിനെറിയുന്ന കല്ലില്‍ ഒരെണ്ണം ഇതു പോലുള്ള മൃഗങ്ങളുടെ ശിരസ്സിനു നേരേ എറിയണം. എറിഞ്ഞു വീഴ്ത്തണം മനസ്സു കറുത്തു പോയ ഈ വിടന്മാരെ. ആണായിപ്പിറന്നവന്‍റെ മാനത്തിന് തിരശ്ശീല വീഴ്ത്തുന്ന, പെണ്ണിന്‍റെ മാനം ചീന്തിയെറിയുന്ന ഇവന്മാരെപ്പോലുള്ളവര്‍ മരണത്തില്‍ക്കുറഞ്ഞുള്ള ഒന്നും അര്‍ഹിയ്ക്കുന്നില്ല. 



ഓരോ പെണ്ണും ജനിച്ചു വീഴുന്നത് ഒരു തലമുറയുടെ സ്വപ്ന സന്തതിയായിട്ടാണ്. പെണ്ണ് ഉപഭോഗമോ, ഉപയോഗമോ മാത്രമല്ല, അമ്മയും പെങ്ങളും ഭാര്യയും മകളുമാകും. ഓരോ പെണ്ണിനും ഓരോ കര്‍മ്മമുണ്ട്. ആ കര്‍മ്മത്തിനു വഴിതടസ്സമുണ്ടാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു നാടിന്‍റെ തന്നെ പൈതൃകമാണ്. പ്രതികരിയ്ക്കേണ്ട നിയമം നിശബ്ദമാകുമ്പോള്‍ പ്രതികരിയ്ക്കേണ്ടത് നമ്മളാണ്. “വിധി” എന്ന രണ്ടക്ഷരത്തില്‍ ഒതുക്കരുത് ഒരു പെണ്ണിന്‍റെ മാനവും, ജീവനും. 



ഒന്നാലോചിയ്ക്കൂ, ആ അമ്മയ്ക്ക്, സ്വന്തം മകളുടെ ജീവനില്ലാത്ത ശരീരം മനസ്സില്‍ കൊണ്ടു നടക്കേണ്ട തലവിധിയുണ്ടായ സൌമ്യയെന്ന ആ സാധു പെണ്‍കുട്ടിയുടെ മാതാവിന് മരണം വരെ കണ്ണീര്‍ പൊഴിയ്ക്കാത്ത ഒരു ദിനം ഇനി ബാക്കി കിട്ടുമോ? ആ മകളെക്കുറിച്ചോര്‍ത്ത് തേങ്ങാതെ ആ സാധുവിനിനി ഒരു പിടി ആഹാരം തൊണ്ടയ്ക്കു കീഴെ ഇറക്കാന്‍ കഴിയുമോ? ആ മകളുടെ ഓമനത്തമുള്ള മുഖം ഓര്‍മ്മയില്‍ നിറച്ച് സമാധാനമായി ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ പറ്റുമോ അവര്‍ക്ക്? ഇല്ല. അതേ ഉള്ളൂ ഈ ചോദ്യങ്ങള്‍ക്കുത്തരം. ഒരു തരിമ്പ് മനഃസാക്ഷിയുള്ള ഏതോരാള്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ ആ അമ്മയുടെ കണ്ണുനീരിന്‍റെ നനവ്. ഒരുപാടൊരുപാട് അമ്മമാരുടെ കണ്ണൂനീരും, പെണ്‍കുട്ടികളുടെ ചോരയും വീണ് ഒരു ശവപ്പറമ്പായിരിയ്ക്കുന്നു നമ്മുടെ ഈ നാട്. ഇതിനു പൂര്‍ണ്ണമായൊരറുതി..? ഇല്ല, അതിനി ഉണ്ടാവില്ല. പക്ഷേ ഇനി ഒരമ്മയും കരയാതിരിയ്ക്കാന്‍ വേണ്ടി, നമ്മള്‍ ശ്രമിച്ചാല്‍ നടക്കും. പെണ്ണിന്‍റെ നേരേ കഴുകന്‍ കണ്ണു തിരിച്ച് ഒരുത്തന്‍ നോക്കാന്‍ ഒരുമ്പെട്ടാല്‍ അവന്‍ രണ്ടു വട്ടം ചിന്തിയ്ക്കണം, മരണം മുന്നിലുണ്ടെന്ന് ഓര്‍മ്മ വരണം അവന്. ആ ഓര്‍മ്മ അവനെ പിന്തിരിപ്പിയ്ക്കണം. ആ ഓര്‍മ്മ അവനുണ്ടാവണമെങ്കില്‍ , ഇനിയൊരമ്മയുടെയും കരച്ചില്‍ കേട്ട് നമുക്ക് കണ്ണ് നനയാതിരിയ്ക്കണമെങ്കില്‍ , കൊല്ലണം അവനെ. സൌമ്യയെന്ന ആ സാധുവിനെ നിഷ്കരുണം പിച്ചിച്ചീന്തിയ ആ വിടനെയും, കൂടെ നില്‍ക്കുന്നവരെയും കൊന്നെറിയണം. അതൊരു പാഠമാകണം അതുപോലുള്ളവന്മാര്‍ക്ക്. അതു നീതിപീഠത്തിനെതിരെയുള്ള വെല്ലുവിളിയാവില്ല. തെളിവുകള്‍ കൊണ്ട് മാത്രം ശിക്ഷ നടപ്പാക്കാന്‍ വിധിയ്ക്കപ്പെട്ട ഓരോ വിചാരകനും ആഗ്രഹിയ്ക്കുനുണ്ടാവും അത്. ദയയുടെ തരിമ്പെങ്കിലും ശേഷിയ്ക്കുന്ന ഓരോ നിയമപാലകനും കൊതിയ്ക്കുന്നുണ്ടാവും അതിനു വേണ്ടി. മനസ്സില്‍ നന്മയുള്ള ഓരോ മനുഷ്യനും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടാവും ആ നിമിഷം. 



നിയമം നിയമത്തിന്‍റെ വഴിയ്ക്കു നടക്കും എന്നു പറഞ്ഞ് ഒഴിഞ്ഞു മാറരുത്. നീതി കിട്ടണം അവള്‍ക്ക്. ഇനിയൊരമ്മയും കരയരാന്‍ പാടില്ല. ഒരു പെണ്ണും മാനത്തിനും ജീവനും വേണ്ടി യാചിയ്ക്കാന്‍ പാടില്ല, ഇനിയെങ്കിലും ഉണരണം നമ്മുടെ മനസ്സാക്ഷി. ഉറക്കം നടിയ്ക്കരുത് നാം.



നിയമം തെളിവിനെ മാത്രം ആശ്രയിയ്ക്കുമ്പോള്‍ , സത്യത്തിന്‍റെ കണ്ണ് കൂട്ടിക്കെട്ടുമ്പോള്‍ ഒറ്റയ്ക്കാവുന്നത് നീതിയാണ്. നഷ്ടപ്പെടുന്നത് ജീവിതങ്ങളാണ്. തിരിച്ചു കൊണ്ടു വരണം നമുക്ക് സത്യത്തിന്‍റെ മൂടിക്കെട്ടിയ കണ്ണുകളെ. പിച്ചിച്ചീന്താന്‍ വിട്ടു കൊടുക്കരുത് ഇനി ഒരു ജീവിതത്തെയും. ഒരു പെണ്ണിന്‍റെയെങ്കിലും മാനം രക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ , ഒരമ്മയുടെയെങ്കിലും കണ്ണുനീര്‍ ഈ മണ്ണില്‍ വീഴാതിരിയ്ക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സന്തോഷിച്ചു കൂടെ.... പെണ്ണിന്‍റെ മാനവും, ഒരമ്മയുടെ സമാധാനവും കിട്ടുമെങ്കില്‍ കൊല്ലാന്‍ ഞാന്‍ തയ്യാര്‍ , മരിയ്ക്കാനും. ഒരമ്മയ്ക്കു വേണ്ടിയല്ലേ.. മരിയ്ക്കാനും എനിയ്ക്കു പേടിയില്ല.

Wednesday, May 18, 2011

ഭാഗം രണ്ട്...



                 അന്നൊന്നും പഠിത്തത്തിൽ വലിയ മിടുക്കനൊന്നും ആയിരുന്നില്ല ഞാന്‍. പത്താം തരം വരെ ക്ലാസ്സിൽ ബഞ്ചിന്റെ ഓരത്ത് ഒതുങ്ങിക്കൂടിയിരുന്ന്, നീളൻ ഫുള്കൈ ഷർട്ടിട്ട്, തലമുടി കോതിയൊതുക്കാതെ ഒരന്തർമുഖനായിട്ടായിരുന്നു എന്റെ സ്കൂൾജീവിതം. പെൺകുട്ടികളുമായി സൌഹൃദമില്ലാതെ, അവരുമായി അധികം സംസാരിയ്ക്ക പോലും ചെയ്യാതെ, ആൺകുട്ടികളോടും വലിയ അടുപ്പമൊന്നും ഇല്ലാതെ ആ കാലം വേഗത്തിൽ കൊഴിഞ്ഞു പോയി. എങ്കിലും അവർ എന്റെ എന്നത്തെയും നല്ല സുഹൃത്തുക്കളായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ മുഖവും ഓരോ പേരുകളും എന്റെ ഓർമ്മയുടെ താളുകളിൽ ഇന്നും മായാതെ കിടപ്പുണ്ട്.
            ഈയിടയ്ക്ക്, അതായത് ഞാന്‍ നാട്ടിലേയ്ക്ക് പോയ കഴിഞ്ഞ വെക്കേഷനില്‍ യാദൃശ്ചികമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടി. സുഹൃത്തെന്നു പറഞ്ഞാൽ ഞങ്ങൾ ഒരേ വർഷം ഒരേ സ്കൂളില്‍ പഠിച്ചിരുന്നു എന്നേയുള്ളൂ, രണ്ടു ക്ലാസ്സുകളിൽ. പക്ഷേ പഠിയ്ക്കുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കളല്ലായിരുന്നു. സ്കൂളിൽ നിന്നും പിരിഞ്ഞതിനു ശേഷം എന്നോ ഒരിയ്ക്കൽ എവിടെയോ വെച്ചു കണ്ടു. ഓർമ്മപ്പെടുത്തലുകള്‍ക്കൊടുവില്‍ പരസ്പരം നമ്പരുകൾ കൈമാറി. പിന്നെ നല്ല സുഹൃത്തുക്കളായി. വീണ്ടും നാട്ടിൽ വെച്ച് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ മനസ്സു നിറഞ്ഞ സ്നേഹത്തോടെ തന്നെ അവനെ കെട്ടിപ്പിടിച്ചു. അവൻ എന്നെയും.
”രജീഷിപ്പോ എവിടാടാ?” ഞാൻ അവനോട് ചോദിച്ചു.
രജീഷ്; അവൻ സ്കൂളിൽ എന്റെ ക്ലാസ്സിൽ എന്റെ അടുത്തിരുന്ന് പഠിച്ച എന്റെ കൂട്ടുകാരൻ ആയിരുന്നു. അക്കാലത്ത് വളരെക്കുറച്ചുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളിൽ മുൻപൻ. ക്ലാസ്സിൽ പഠിയ്ക്കാൻ മിടുക്കനായ വിദ്ധ്യാർത്ഥി. പത്താം ക്ലാസ്സ് പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു അവന്. പോളീയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ നല്ല മാർക്കോടെ വിജയിയ്ക്കുകയും ചെയ്തു. പക്ഷേ വിധിയുടെ നേർക്ക് പഴികൾ എറിഞ്ഞുകൊടുത്ത് അവൻ ഒരു ഹാർഡ് വെയർ ഷോപ്പിലെ ജോലിക്കാരനായി മാറിയിരുന്നു. എനിയ്ക്കങ്ങനെ ഒരു നിലയിൽ അവനെ കാണാൻ പ്രയാസമായിരുന്നു, കാരണം പഠിത്തത്തില്‍ അത്രയ്ക്കു മിടുക്കനായിരുന്നു അവന്‍. പക്ഷേ കാഴ്ചകളിൽ നിന്നും ഓടിയൊളിച്ചാൽ അവനെയും ഞാൻ നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതു കൊണ്ട് ആ സത്യം എനിയ്ക്കും അംഗീകരിച്ചു കൊടുക്കേണ്ടി വന്നു.
“നീ രജീഷിന്റെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ?” റിനു എന്ന എന്റെ ആ സുഹൃത്ത് എന്നോട് ചോദിച്ചു. “ ഇല്ല. ഞാൻ വന്നയുടനെ അവനെ വിളിച്ചു. പക്ഷേ മൊബൈൽ നോട്ട് ഇൻ സർവീസ് കാണിയ്ക്കുന്നു. കുറെ നാളായി ഞാൻ ട്രൈ ചെയ്യുവാ. പക്ഷേ കിട്ടുന്നില്ല. അവനെന്തു പറ്റി?”
“അവനൊരു ആക്സിഡന്റ് പറ്റി!” റിനു പറഞ്ഞു.
“ഹയ്യോ! ഞാൻ അറിഞ്ഞിരുന്നില്ല. അതാവും മൊബൈൽ വിളിച്ചിട്ട് കിട്ടാഞ്ഞത്. എന്നിട്ടിപ്പോ എങ്ങനെയുണ്ട്. വല്ല കുഴപ്പവും ഉണ്ടോ?” ഞാൻ ചോദിച്ചു.
“അവനിപ്പോ!” റിനു അർദ്ധോക്തിയിൽ നിർത്തി. മനസ്സിൽ എന്തോ ഒരു അരുതായ്ക കുത്തിനോവിച്ചു. എങ്കിലും അതു വെറും തോന്നലാകണേ എന്നു പ്രാർത്ഥിച്ചുകൊണ്ട് അവനോട്  വീണ്ടൂം ചോദിച്ചു. “എന്താ, എന്തെങ്കിലും കുഴപ്പങ്ങൾ വല്ലതും ഉണ്ടോടാ അവന്. നമുക്കിപ്പോ അവനെ ഒന്നു കാണാൻ പോയാലോ!”
“അവൻ.. മരിച്ചെടാ!” ആ വാക്യം അവൻ മുഴുവൻ പറഞ്ഞിരുന്നില്ല. അതിനു മുൻപേ അവന്റെ ചുണ്ടുകൾ വിതുമ്പുന്നത് ഞാൻ കണ്ടിരുന്നു. അതു കേട്ട എന്റെ മാനസികാവസ്ഥ എന്താണെന്നെനിയ്ക്കറിയില്ലായിരുന്നു. ഞാൻ അവിടെ ഇരുന്നു പോയി. കുറേ നേരം തലയില് കയ്യും വെച്ച്... മനസ്സിലൊരായിരം മിന്നൽപ്പിണരുകൾ ഒരേ സമയം പാഞ്ഞുനടന്നു. ഞാൻ സ്വയം നിർമ്മിച്ച എന്റെ ലോകത്തിലെ കൂട്ടുകാരിൽ ഒരാളാണ് ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേയ്ക്ക് യാത്രയായെന്നു കേട്ടത്. എനിയ്ക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നില്ല എങ്കിലും മനസ്സു നിലവിളിച്ചുകൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം എന്റെ കണ്ണൂകൾ നിറഞ്ഞിരുന്നു. കണ്ണു തുടച്ച് റിനുവിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ആ കണ്ണുകളും സജലങ്ങളായിരുന്നു.


(തീര്‍ന്നിട്ടില്ല...)


.

Thursday, May 5, 2011

ഭാഗം ഒന്ന്...


           ഭൂമിയിൽ ജനിച്ചു വീഴുന്ന ഏതൊരു സാധാരണ കുഞ്ഞിനെയും പോലെ കൈകൾ മുറുക്കിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ടു തന്നെയായിരുന്നു എന്റെയും ജനനം. എല്ലാം തന്റെയീ കൈകളിൽ ഒതുക്കിപ്പിടിയ്ക്കും എന്നുള്ള അഹന്തയോടെ ജനിച്ചു വീഴുന്ന അനേകായിരം ജന്മങ്ങളിൽ ഒന്നു മാത്രമായിരുന്നു ഞാനും.
            ജനിച്ചപ്പോൾ കരഞ്ഞ കരച്ചിലല്ലാതെ പിന്നീട് ഞാൻ അധികം കരഞ്ഞിട്ടില്ല എന്ന് എന്നെ വളർത്തിയവരിൽ പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ കുറവു നികത്തലാകാം ഇന്നു ഞാൻ കരഞ്ഞു തീർക്കുന്നത്.
            കുടുംബത്തിലെ ആദ്യത്തെ സന്തതി ഞാനായിരുന്നു. എന്റെ ഉമ്മയടക്കം ഏഴു മക്കൾ. ആദ്യത്തെ മൂന്നുപേരും ആണ്മക്കൾ. പിനെൻ നേർച്ചകൾ ഒരുപാട് നേർന്നു കിട്ടിയതാണ് മീര എന്ന എന്റെ മാതാവ്. അന്നൊക്കെ ചെറുപ്രായത്തിലേ പെണ്മക്കളെ വിവാഹം കഴിച്ചുകൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെയും തന്റെ പതിനാറാമത്തെ വയസ്സിൽ വിവാഹം കഴിച്ചു കൊടുത്തു. ഒരുതരത്തിൽ പറഞ്ഞാൽ അതും ഒരു പ്രണയവിവാഹമായിരുന്നു. പ്രണയം തോന്നിയത് എന്റെ ഉപ്പയ്ക്ക്. അന്ന് സ്കൂളിൽ ഓടിക്കളിച്ചു നടന്ന പെൺകുട്ടിയോട് എന്റെ ഉപ്പയ്ക്ക് തോന്നിയ പ്രണയത്തിന്റെ ബാക്കിപത്രമാണ് ഞാൻ എന്ന ജന്മം. ഉമ്മയുടെ മൂത്ത സഹോദരൻ, അതായത് എന്റെ വലിയമ്മാമ ഉപ്പയുടെ അന്നത്തെ കൂട്ടുകാരൻ ആയിരുന്നു. വലിയമ്മാമയോട് കല്യാണത്തിന് ആഗ്രഹം പ്രകടിപ്പിച്ച എന്റുപ്പയോട് നൂറ് വട്ടം സമ്മതം അറിയിച്ചു അദ്ദേഹം. കാരണം മറ്റൊന്നുമല്ല, കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ മാത്രമേ ആണുങ്ങൾക്കു വിവാഹം കഴിയ്ക്കാൻ അനുവാദം കിട്ടിയിരുന്നുള്ളൂ. വലിയമ്മാമയും ആ സമയത്ത് ഒരു പെൺകുട്ടിയെ നോട്ടമിട്ടു വെച്ചിരുന്നതിനാൽ വിവാഹം വളരെ വേഗം നടന്നു. അടുത്ത വർഷം തന്നെ ഞാൻ ഭൂമിയിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.
            കുടുംബത്തിലെ അടുത്ത കാരണവർ സ്ഥാനം വഹിയ്ക്കേണ്ട ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എല്ലാവരും തറയിൽ വെയ്ക്കാതെ താലോലിച്ചു കൊണ്ടിരുന്നു. എന്റുമ്മയുടെ കൈകളിൽ ഞാൻ അധികം കുട്ടിക്കാലം ചെലവഴിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ചു മാമന്മാരും ഒരു കുഞ്ഞമ്മയും പിന്നെ ഇവരുടെയെല്ലാം സംബന്ധക്കാരുമടക്കം ഒരു വൻ പട തന്നെ ഉണ്ടായിരുന്നു എന്റെ പരിചരണത്തിന്.
            ആരൊകെയുണ്ടയിരുന്നെൻകിലും എനിക്കോർമ്മയുള്ള കാലം മുതൽ ഞാൻ വല്ലാത്തൊരു ഏകാന്തത അനുഭവിച്ചു തുടങ്ങിയിരുന്നു. ആ ഏകാന്തത അന്നേ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും തുടരുകയാണ് ആ ഏകാന്തത. അന്തമില്ലാതെ നീളുന്ന ചക്രവാളം പോലെ ഒരിടത്തും ചെന്നവസാനിയ്ക്കാതെ അത് എന്റെ ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്നു.

(തീര്‍ന്നിട്ടില്ല...)




.